ഋതുയോഗം

 

കേരളപാഠാവലി പഠനക്കുറിപ്പുകള്‍ -2

ക്ലാസ്സ്- 10

ഋതുയോഗം

 

മഹാകവി കാളിദാസന്റെ അഭിജ്ഞാനശാകുന്തളത്തിന് എ.ആര്‍.രാജരാജവര്‍മ്മയുടെ പരിഭാഷയായ മലയാളശാകുന്തളത്തിലെ ഏഴാം അങ്കമാണ് ഋതുയോഗം. ദേവാസുരയുദ്ധം കഴിഞ്ഞ് ഇന്ദ്രതേരാളിയായ മാതലിയോടൊപ്പം മാരീചാശ്രമത്തില്‍ ദുഷ്ഷന്തന്‍ എത്തുന്നു. അവിടെവെച്ച് പത്നിയായ ശകുന്തളയെയും മകന്‍ സര്‍വദമനനെയും കണ്ടുമുട്ടുന്നു. ശകുന്തളയോടു അറിയാതെചെയ്തുപോയ തെറ്റുകള്‍ ഏറ്റുപറഞ്ഞ് മാപ്പപേക്ഷിച്ച് താപസികളുടെ അനുഗ്രഹങ്ങളോടെ പത്നിയെയും മകനെയും സ്വീകരിക്കുന്നു. ഇതാണ് ഈ ഭാഗത്തെ കഥാവസ്തു.


ശീര്‍ഷകത്തിന്റെ ഔചിത്യം-

വസന്താഗമം ഋതുകളില്‍ വെച്ച് ശ്രേഷ്ഠവും സുന്ദരവുമാണ്. വസന്തത്തില്‍ ലതകള്‍ പുവണയുന്നു. മോതിരം ധരിക്കല്‍ സൗഭാഗ്യ ചിഹ്നമാണ്. ഇവിടെ ശകുന്തളയുടെ ജീവിതത്തിലുണ്ടാകാന്‍ പോകുന്ന സൗഭാഗ്യത്തെയും സൂചിപ്പിക്കുന്നു. യോഗമെന്നാല്‍ കൂടിച്ചേരല്‍ എന്നും അര്‍ത്ഥം. അതു ശകുന്തളയുടെയും ദുഷ്ഷന്തന്റെയും കൂടിച്ചേരലാണ്.


കഥാപാത്രനിരൂപണം.


സര്‍വദമനന്‍- എല്ലാറ്റിനെയും അടക്കുന്നവന്‍ എന്ന് അര്‍ത്ഥം. മൃഗരാജാവായ സിംഹത്തിന്റെ കുട്ടിയും പരാക്രമശാലിയാണ്. അതിനെ ബാലനായ സര്‍വ്വദമനന്‍ അടക്കി നിര്‍ത്തി വായപൊളിച്ച് പല്ലെണ്ണുുന്നു. ആശ്രമത്തിലെ എല്ലാവരെയും തന്റെ കുസൃതികളും നിഷ്കളങ്കതയും കൊണ്ട് തന്റെ വരുതിയില്‍ നിര്‍ത്തുന്നുണ്ട് ആ ബാലന്‍. ലൗകിക കാര്യങ്ങളില്‍ നിന്ന് ഇന്ദ്രിയങ്ങളെ അടക്കി വിജയം നേടിയവന്‍ എന്ന അര്‍ത്ഥവും സര്‍വദമനന്‍ എന്ന പേരിനുണ്ട്


അഭി‍ജ്ഞാനശാകുന്തളത്തിലെ നാടകീയത-

ആകസ്മികമായുളള ദുഷ്ഷന്തന്റെ രംഗപ്രവേശം

സിംഹക്കുട്ടിയുമായി കളിക്കുന്ന ബാലന്‍

കുട്ടിയുടെ രക്ഷ ദുഷ്ഷന്തന്‍ എടുക്കുന്ന സമയം- രക്ഷ മാതാപിതാക്കളല്ലാത്തവര്‍ എടുത്താലുണ്ടാവുന്ന അപകടം.- ആകാംക്ഷാഭരിതമായ സന്ദര്‍ഭം

ശകുന്തളയുടെ കാല്‍ക്കല്‍ വീണ് മാപ്പിരക്കുന്ന സന്ദര്‍ഭം.


മുഖ്യകഥാപാത്രങ്ങള്‍

    ദുഷ്ഷന്തന്‍, ശകുന്തള, സര്‍വദമനന്‍, കശ്യപന്‍

  • ഗൗതമി- കണ്വാശ്രമത്തിലെ വൃദ്ധതാപസി- ശകുുന്തളയുടെ വളര്‍ത്തമ്മ

  • മാതലി- ദേവേന്ദ്രന്റെ സാരഥി, ദുഷ്ഷന്തനെ കശ്യപാശ്രമത്തിലെത്തിക്കുന്നത് മാതലിയാണ്.

  • അദിതി- ദക്ഷന്റെ പുത്രി- ദാക്ഷായണി- ദേവമാതാവ്.



തന്റെ പ്രിയപത്നിയെയും കുട്ടിയെയും കണ്ടെത്താനാകാത്തതിലുളള വ്യസനം ഉളളില്‍ കൊണ്ടുനടന്നിരുന്ന രാജാവ് ദേവാസുരയുദ്ധത്തിനു ശേഷം യാദൃശ്ചികമായി മാരീചാശ്രമത്തിലെത്തുന്നു. ആശ്രമത്തിലെത്തിയ ദുഷ്ഷന്തന്റെ മനസ്സിലുണ്ടായിരുന്ന പ്രതീക്ഷയുടെ തീപ്പൊരി ആളിക്കത്താന്‍ സഹായകമായ വിറകുകഷ്ണങ്ങള്‍ ആയിരുന്നു അവിടെ ഉണ്ടായിരുന്ന ഓരോരോ സംഭവങ്ങളും. സിംഹകുട്ടിയുമായി കളിക്കുന്ന ബാലനെ കണ്ടപ്പോള്‍ മുതല്‍ രാജാവ് പറഞ്ഞറിയിക്കാന്‍ കഴിയാത്ത മാനസികാവസ്ഥകളിലൂടെ കടന്നുപോകുന്നു. അവനെക്കുറിച്ച് പ്രത്യേക മമത തോന്നി കൂടുതലറിയാന്‍ ശ്രമിക്കുന്നു.

 സ്ത്രീകളോടുളള ദുഷ്ഷന്തന്റെ സമീപനം ചിന്തനീയമാണ്. സര്‍വദമനന്റെ അമ്മയുടെ പേര് ചോദിക്കാന്‍ പോലും ദുഷ്ഷന്തന്‍ മടി കാണിക്കുന്നു. പരസ്ത്രീകളോട് കാണിക്കുന്ന ആദരവായിതിനെ കാണേണ്ടതുണ്ട്. മാത്രമല്ല. ദുഷ്ഷന്തന്‍ ശകുന്തളയെ കാണുന്ന മാത്രയില്‍ കാല്‍ക്കല്‍ വീഴുകയും മാപ്പ് ചോദിക്കുകയും ചെയ്യുന്നു. തന്റെ തെറ്റ് കൊണ്ടാണ് വിയോഗം സംഭവിച്ചതെന്നും അത് ക്ഷമിക്കണമെന്നും പറയുന്നു.

ശകുന്തളയാകട്ടെ പ്രിയപ്പെട്ടവനെ കുറ്റപ്പെടുത്താതെ തന്റെ തെറ്റ് കൊണ്ടാണ് വിയോഗം സംഭവിച്ചതെന്നു പറഞ്ഞ് ഭര്‍ത്താവിനെ ആശ്വസിപ്പിക്കുന്നു. പരസ്പരം കുറ്റപ്പെടുത്താതെ പിഴവുകള്‍ അംഗീകരിച്ച് തിരുത്താന്‍ കഴിയുമ്പോഴാണ് ജീവിതം കെട്ടുറപ്പുളളതാകുകയെന്ന ജിവിതസന്ദേശം ഈ രംഗത്തില്‍ കാണാവുന്നതാണ്


ജിവിതം പരസ്പരാശ്രയത്വത്തിന്റേതാണ്. മറ്റുളളവരുടെ സഹായമില്ലെങ്കില്‍ ജീവിതം പരാജയം തന്നെയായായിരിക്കും. ദുഷ്ഷന്തന്‍ ഇന്ദ്രനെ സഹായിച്ചു. ദുഷ്ഷന്തന്റെ ഭാര്യയെയും മകനെയും ഇന്ദ്രന്റെ മാതാപിതാക്കളായ മാരീചനും ദാക്ഷായണിയും സംരക്ഷിച്ചു. അവിടെ വലിപ്പച്ചെറുപ്പമില്ലന്നത് ശ്രദ്ധേയമാണ്. ഒറ്റപ്പെട്ട ജീവിതം നയിച്ച് ജീവിതം ദുരിതപൂര്‍ണ്ണമാക്കുന്നവര്‍ക്കുളള പാഠമാണിത്.


മറ്റുളളവരെ ബഹുമാനിക്കാനും ആദരിക്കാനും അറിവുളളവരോട് വിനയം കാണിക്കാനും മനസ്സുളളവര്‍ക്ക് ജീവിതത്തില്‍ സന്തോഷം വന്നുചേരുക തന്നെ ചെയ്യും. ദുഷ്ഷന്തന്‍ തന്റെ മകനെയും ഭാര്യയെയും മുന്നില്‍ നിര്‍ത്തിയാണ് മാരീച മഹര്‍ഷിയെ കാണാന്‍ പോകുന്നത്. തന്റെ വിജയത്തിനും ഈ സംയോഗത്തിനും കാരണഭൂതരാണ് ഈ മഹര്‍ഷിമാര്‍ എന്നത് വിസ്മരിക്കാനാവില്ല. ആദരിക്കേണ്ടവരെ ആദരിക്കണമെന്നും അവരുടെ അനുഗ്രഹാശിസ്സുകള്‍ ജീവിതവിജയത്തിനാവശ്യമാണെന്നും ഈ സന്ദര്‍ഭം പഠിപ്പിക്കുന്നു


നാടകാവസാനം ഇന്ദ്രമാതാപിതാക്കള്‍ക്കൊപ്പം ദുഷ്യന്തനും ശകുന്തളയും മകനും ഇരിക്കുന്നു. സമത്വസുന്ദരമായ ഒരു ലോകം എങ്ങനെയാന്നതിനു ഒരു ഉദാഹരണം കൂടിയാണ് ഈ രംഗം.സുഖദുഃഖ സമ്മിശ്രമാണ് ജീവിതം. പണവും അധികാരവും ശക്തിയും ഉളളവര്‍ക്കുപോലും ദുഃഖം അുഭവിക്കേണ്ടിവരുന്നു എന്ന കാര്യം ഇവിടെ വെളിപ്പെടുന്നു. പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ തളര്‍ന്ന് വിഷാദരോഗികളായി ആത്മഹത്യ ചെയ്യാനൊരുങ്ങുന്നവര്‍ക്ക് ദുഷ്ഷന്തന്റെ അനുഭവം ഒരു പാഠമാണ്.

ശാകുന്തളത്തിലെ കഥാവസ്തു കാലാതീതം തന്നെ. രണ്ടായിരം വര്‍ഷം കഴിഞ്ഞിട്ടും കാളിദാസനും ശാകുന്തളവും അനശ്വരമായി നില്‍ക്കുന്നതിന് വേറെ ദൃഷ്ടാന്തങ്ങള്‍ വേണ്ടതില്ല.


ചോദ്യം- മഹാകവി കാളിദാസന്റെ അഭിജ്ഞാനശാകുന്തളത്തില്‍ നാടകീയത നിറഞ്ഞ ധാരാളം മുഹൂര്‍ത്തങ്ങള്‍ ഉണ്ട്. പാഠസന്ദര്‍ഭങ്ങള്‍ ഉള്‍പ്പെടുത്തി ഈ അഭിപ്രായം വിലയിരുത്തി കുറിപ്പ് തയ്യാറാക്കുക



സസ്നേഹം-

മലയാളവിഭാഗം

ജി.കെ.വി.എച്ച്.എസ്. എറിയാട്


ഈ ലിങ്കും തുറന്നുനോക്കൂ....

https://drive.google.com/file/d/1o_Dx0H_AsU5hLO3f0zlZsSwFAv-Vmlk7/view?usp=sharing

Comments

Popular posts from this blog

അമ്മ, കേരളപാഠാവലി, ക്ലാസ്സ് 9, പാഠം 3

ചേര്‍ത്തെഴുത്ത്, വിഗ്രഹാര്‍ത്ഥം, SSLC