malayalam 2, SREE NARAYANA GURU, ശ്രീ നാരായണഗുരു
ശ്രീ നാരായണഗുരു.
അധഃകൃതവര്‍ഗോദ്ധാരണത്തിലൂടെ രാജ്യത്തെ നവേത്ഥാനത്തിലേക്ക് നയിച്ച മഹാപുരുഷനാണ് ശ്രീ നാരായണഗുരു. സ്വമോക്ഷം ലക്ഷ്യമാക്കി പ്രവൃത്തി രംഗത്തുനിന്നും മാറി നില്‍ക്കാതെ അദ്ദേഹം മറ്റുളളവര്‍ക്കുവേണ്ടി പ്രയത്നിച്ചു. തന്റെ യോഗശക്തിയും ജ്ഞാനശക്തിയും ആദ്ധ്യാത്മികമണ്ഡലത്തിലടച്ചുപൂട്ടി സൂക്ഷിക്കാതെ ലൗകികതലത്തിലേക്കും പ്രസരിപ്പിച്ചു. ബഹുലക്ഷം ജനങ്ങളുടെ അന്ധകാരജീവിതത്തില്‍ പ്രകാശം പരത്തി അവരെ സ്വാതന്ത്ര്യബോധം ഉളളവരാക്കി. നൂറ്റാണ്ടുകളായി ചവിട്ടിമെതിക്കപ്പെട്ടു കിടന്ന മനുഷ്യത്വത്തെ അദ്ദേഹം സമുദ്ധരിച്ചു. ജാതിപ്പിശാചിനെ ഉച്ചാടനം ചെയ്തു. കേരളീയരെ മനുഷ്യത്വം പഠിപ്പിച്ച ഗുരുനാഥനാണദ്ദേഹം. ജ്‍ഞാനസിദ്ധനും കര്‍മ്മസിദ്ധനും ആയിരുന്നു. കര്‍മ്മജ്ഞാനങ്ങളെ സമന്വയിപ്പിച്ചുകൊണ്ടുളള പ്രായോഗിക വേദാന്തത്തിനു ഗുരു പ്രാധാന്യം കല്പിച്ചു.
മനുഷ്യജാതിയെന്ന വിശ്വവിശാലമായ ആശയത്തിന്റെ പ്രഥമാവതാരകന്‍, മതത്തെയും ദൈവത്തെയും അദ്വൈതദൃഷ്ട്യാ ഏകത്വത്തില്‍ വിലയിപ്പിച്ച തത്ത്വദര്‍ശി, ആയിരക്കണക്കിനു വര്‍ഷങ്ങളായി നിലനിന്നുവോന്ന മൂഢാചാരപാരമ്പര്യത്തെയും അന്ധവിശ്വാസങ്ങളെയും ധീരതയോടെ എതിര്‍ത്ത് വിപ്ലവം സൃഷ്ടിച്ച ഉല്‍പ്പതിഷ്ണു, യുക്ത്യനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഏതു മതപ്രമാണത്തെയും തത്ത്വസംഹിതയെയും നിശ്ശങ്കം നിരൂപണം ചെയ്ത സ്വതന്ത്രചിന്തകന്‍ എന്നിങ്ങനെയും അദ്ദേഹം ഒരു പൂര്‍വ്വാചാര്യനായി പ്രശോഭിച്ചിട്ടുണ്ട്.
മറ്റു മതാചാര്യന്മാരില്‍ നിന്നുളള വ്യത്യാസങ്ങള്‍
-
ആധ്യാത്മികതയെയും ഭൗതികത്വത്തെയും വേര്‍തിരിച്ച് രണ്ടാമത്തേതിനെ നിസ്സാരമാക്കിയില്ല.
-
മതത്തേക്കാള്‍ മനുഷ്യനന്മയ്ക്കു പ്രാധാന്യം നല്‍കി
-
അവനനവന്റെ മതമാകുന്ന പുഴയെപ്പറ്റി പറയാതെ എല്ലാ മതനദികളും ചെന്നുചേരുന്ന മഹാസമുദ്രത്തെപ്പറ്റി സംസാരിച്ചു. (മതാതീതനായ തത്ത്വജ്ഞാനി)
ഒരു പ്രത്യേകമതത്തെ ആസ്പദമാക്കി ക്ഷേത്രം സ്ഥാപിച്ചിട്ടുണ്ടല്ലോ?
പാമരഭൂരിപക്ഷമുളള അധഃസ്ഥിത സമുദായങ്ങളെ പടിപടിയായി ഉയര്‍ത്തിക്കൊണ്ടുവരുന്നതിനുളള തല്‍ക്കാല ഉപാധിയായിരുന്നു അത്. ഒടുവില്‍ നടത്തിയത് കണ്ണാടി പ്രതിഷ്ഠ മനുഷ്യന്റെ ധ്യാനലക്ഷ്യം മനുഷ്യന്‍ തന്നെയാണ് എന്ന സന്ദേശമാണ് നല്‍കുന്നത്
വിദ്യാഭ്യാസം, വ്യവസായം, സംഘടന, ജീവിതശുദ്ധി - ഇതൊക്കെയാണ് അധഃസ്ഥിതസമുദായങ്ങള്‍ക്കു വേണ്ടതെന്നു ഗുരു പറഞ്ഞു. ഇങ്ങനെ എല്ലാതലത്തിലും ആദര്‍ശശാലിതയും പ്രായോഗികബുദ്ധിയും ഇണങ്ങിച്ചേര്‍ന്നിരുന്ന ഒരുനായിരുന്നു ഗുരു.
Comments
Post a Comment